കാലത്തിന്റെ ചുരമിറങ്ങി ഒരു തിരിച്ചുവരവില്ലാതെ യാത്രയാവുകയാണ് റിക്കാര്‍ഡ് ഡാന്‍സുകാര്‍. നാട്ടിന്‍പുറത്തെ മൈതാനങ്ങളില്‍ എവിടെ നിന്നോ വന്ന് തമ്പടിച്ച് കാഴ്ചക്കാരെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാഹസിക അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിക്കുകയും സൂപ്പര്‍ഹിറ്റ് സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ച് ആടിത്തിമര്‍ക്കുകയും ചെയ്യുന്ന റിക്കാര്‍ഡ് ഡാന്‍സുകാര്‍ ഇന്ന് കേരളത്തില്‍ മൂന്നോ നാലോ സംഘങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
അവശേഷിക്കുന്ന മൂന്നോ നാലോ സംഘങ്ങള്‍ തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും എത്താറുണ്ട്. ആ സംഘങ്ങള്‍ ഇനിയെത്രകാലമെന്നത് അവര്‍ക്കു തന്നെ അറിയില്ല. അവര്‍ക്കൊപ്പം കാമറയുമായി അവരുടെ കൂടെ ടെന്റുകളിലും മൈതാനങ്ങളിലും ദിവസങ്ങള്‍ സഞ്ചരിച്ചും കഴിഞ്ഞും അവരുടെ ജീവിതവും റിക്കാര്‍ഡ് ഡാന്‍സും പകര്‍ത്തി ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ് പട്ടാമ്പി ഓങ്ങല്ലൂര്ക്കാരനായ സിനിമ ഛായാഗ്രാഹകന്‍ കൂടിയായ ഷിഹാബ് ഓങ്ങല്ലൂര്‍ എന്ന യുവ സംവിധായകന്.
റിക്കാര്‍ഡ് ഡാന്‍സ് എന്ന ടൈറ്റിലില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുഫിക്ഷന് ഒരു കാലത്തെ വരും കാലത്തിനു വേണ്ടി അടയാളപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തില്‍ പല മൈതാനങ്ങളിലും സന്ധ്യമുതല്‍ രാത്രി വൈകും വരെ ആടിത്തിമര്‍ത്തിരുന്ന റിക്കാര്‍ഡ് ഡാന്സുകാരുടെ ചിത്രങ്ങളോ വിഷ്വലുകളോ പേരിനു പോലും സാംസ്കാരിക കേരളത്തിലില്ല എന്നതാണ് സത്യം. വളരെ അപൂര്‍വമായി ഉണ്ടെങ്കില്‍ ഭാഗ്യം. ആ വലിയ പോരായ്മയാണ് ഷിഹാബും കൂട്ടരും നികത്തിയിരിക്കുന്നത്. റിക്കാര്‍ഡ് ഡാന്‍സ് നേരിട്ടു കണ്ട തലമുറയെപ്പോലെത്തന്നെ ആ കാഴ്ചകള്‍ കാണാന്‍ റിക്കാര്‍ഡ് ഡാന്‍സ് എന്ന ഡോക്യുഫിക്ഷനിലൂടെ സാധിച്ച പുതുതലമുറയ്ക്കുമുണ്ട് ഭാഗ്യം. നന്ദി പറയേണ്ടത് ഷിഹാബിനോടാണ്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമേ ഷിഹാബിന്റെ ചിത്രത്തിനുള്ളുവെങ്കിലും ഈ ഡോക്യുഫിക്ഷനു വേണ്ടി ചിത്രീകരിച്ച മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യവിസ്മയം ഷിഹാബിന്റെ കൈയില്‍ ഭദ്രം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഗ്രാമത്തില്‍ ഊരാകെ ചുറ്റിക്കറങ്ങിയെത്തി റിക്കാര്‍ഡ് ഡാന്‍സുകാര്‍ അന്നേ ഷിഹാബിന്റെ മൊബൈല്‍ കാമറയില്‍ പതിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, എകദേശം പത്തുവര്‍ഷത്തിനു ശേഷം ഒറ്റപ്പാലത്ത് അതേ റിക്കാര്‍ഡ് ഡാന്‍സ് സംഘമെത്തിയപ്പോള്‍ ഷിഹാബിന്റെ ഒരു സുഹൃത്താണ് വിവരം അറിയിച്ചത്.
മൊബൈലില്‍ ഷൂട്ട് ചെയ്ത പത്തുവര്‍ഷത്തെ ഓര്‍മകളുമായി ഷിഹാബ് ഒറ്റപ്പാലത്തെത്തി. കുറച്ചുകൂടി വലിയ കാന്‍വാസില്‍ റിക്കാര്‍ഡ് ഡാന്‍സ് ഷൂട്ട് ചെയ്ത് എടുത്തുവെക്കാമെന്ന് കരുതി. അങ്ങിനെ തുടങ്ങിയ ചിത്രീകരണം ഒടുവില്‍ അവസാനിക്കുമ്പോള്‍ മൂന്നുമാസം കഴിഞ്ഞിരുന്നു. അതിനിടെ പല മൈതാനങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ വലിയ പറമ്പുകളിലെല്ലാം റിക്കാര്‍ഡ് ഡാന്‍സ് സംഘത്തോടൊപ്പം ഷിഹാബും സംഘവുമെത്തി. വളരെ കളര്‍ഫുള്‍ ആക്കാമായിരുന്ന തന്റെ ഡോക്യുഫിക്ഷന് ഷിഹാബ് ചെയ്തിരിക്കുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്. അതിന് പലകാരണങ്ങളുമുണ്ടെന്ന് ഷിഹാബ് പറയുന്നു. പോയൊരു കാലത്തെ ചിത്രീകരിക്കുമ്പോള്‍ കളറിനേക്കാള്‍ ഭംഗി കറുപ്പിനും വെളുപ്പിനുമാണെന്ന് തോന്നിയത്രെ കാമറാമാന് കൂടിയായ സംവിധായകന്.
ഒരു നാട്ടിന്‍പുറത്ത് ഒരു റിക്കാര്‍ഡ് ഡാന്‍സ് സംഘമെത്തുകയെന്ന് പറഞ്ഞാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതൊരു ആഘോഷമായിരുന്നു. സന്ധ്യയ്ക്ക് ഏഴിന് ആരംഭിച്ച് രാത്രി പത്തര പതിനൊന്ന് വരെ നീളുന്ന ഡാന്‍സ്. അതില്‍ പുതിയ സൂപ്പര്‍ഹിറ്റ് തമിഴ് ഹിന്ദി മലയാളം സിനിമാപ്പാട്ടുകള്ക്കനുസരിച്ചുള്ള കിടിലന്‍ നൃത്തങ്ങള്‍, ആണുങ്ങള് പെണ്‍വേഷം കെട്ടി ഇളകിയാടുന്ന ആവേശം നിറഞ്ഞ ഡാന്‍സുകള്‍, ലഘുനര്മ നാടകങ്ങള്‍ എന്നിവയ്ക്കു പുറമെ സൈക്കില്‍ യജ്ഞം, സാഹസികഅഭ്യാസക്കാഴ്ചകളായി അന്ന് തോന്നിയിരുന്ന കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കല്‍, ട്യൂബ് ലൈറ്റ് പൊട്ടിക്കല്‍ തുടങ്ങി വ്യത്യസ്തമായ അഭ്യാസക്കാഴ്ചകളുമുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് ഇതിനോടൊന്നും താത്പര്യമില്ലാത്തതുകൊണ്ടു തന്നെ ഇപ്പോള്‍ അവശേഷിക്കുന്ന സംഘങ്ങള്‍ ഏതെങ്കിലും ഉള്‍ഗ്രാമങ്ങളിലാണ് ടെന്റടിച്ച് ഷോ നടത്തുന്നതെന്ന് ഷിഹാബ് പറഞ്ഞു.
അടുത്ത ഒരു അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ആ റിക്കാര്‍ഡ് ഡാന്‍സ് സംഘങ്ങളൊന്നുമുണ്ടാവില്ല. കാണാന്‍ ആളില്ലാത്തതുകൊണ്ട് പലരും സംഘം വേണ്ടെന്ന് വെച്ചിട്ടുണ്ട് - ഷിഹാബ് വേദനയോടെ പറഞ്ഞു.
ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിര്‍ദ്ദേശംലഭിച്ച സിനിമകളില്‍ മലയാളത്തില്‍ നിന്നുള്ള ഒരേഒരു ഡോക്യുമെന്ററി സിനിമയായിരുന്നു റിക്കാര്‍ഡ് ഡാന്‍സ്. 14 ഭാഷകളില്‍ നിന്നായി 22 സിനിമകള്‍ക്കാണ് ഫിലിം ബസാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ട 230 ഓളം സിനിമകളില്‍ നിന്നാണ് ഈ സിനിമകള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ളിക്സ് ആയിരുന്നു പരിപാടിയുടെ പ്രായോജകര്‍. മിഡ് ലെംഗ്ത് ഡോക്യുമെന്ററി വിഭാഗത്തില്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ റെക്കമെന്റേഷനിലാണ് റിക്കാര്‍ഡ് ഡാന്‍സ് വേവ്സ് ഫിലിം ബസാറിലേക്ക് തെരഞ്ഞെടുത്തത്.
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17 -ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടി റിക്കാര്‍ഡ് ഡാന്‍സ് ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകള്‍ക്ക് തങ്കത്തിളക്കമേകി.
കശ്മീര്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലും ഷിഹാബിന്റെ ചിത്രം മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ചേതന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഓള് ഇന്ത്യ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ബെസ്റ്റ് ഡോക്യുമെന്ററി പുരസ്കാരവും നേടി. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസറ്റിവല്‍ ഉള്‍പ്പടെ പല ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശനം നടത്തി. സാമ്പത്തിക നേട്ടങ്ങള്‍ നോക്കാതെ വരാനിരിക്കുന്ന എത്രയോ തലമുറകള്‍ക്ക് ഇങ്ങനെയൊരു കലാരൂപം ഇവിടെ ഉണ്ടായിരുന്നുവെന്നറിയാനും കണ്ടാസ്വദിക്കാനായി ഈ ദൃശ്യവിരുന്ന് നിര്‍മിക്കാന്‍ തയാറായവരെയും അഭിനന്ദിക്കാതെ വയ്യ.
ക്ലാസിക് മീഡിയ എന്റര്ടൈന്മെന്റസിന്റെ ബാനറില്‍ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിര്‍മിച്ചത്. സഹനിര്‍മാതാവ് വിഷ്ണു ബാലകൃഷ്ണനും നന്ദി അര്‍ഹിക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് റിയലിസ്റ്റിക് ദൃശ്യങ്ങള്‍ ഒരു വരണ്ടുണങ്ങിയ ഫീല്‍ ഇല്ലാതെ എഡിറ്റ് ചെയ്ത സച്ചിന് സത്യയും കൈയടി നേടുന്നു. ഒരു പിരിയഡ് ആവിഷ്കാരത്തിനു ചേര്‍ന്ന പശ്ചാത്തല സംഗീതം നല്‍കിയത് വിഷ്ണു ശിവശങ്കറാണ്. ധനുഷ് നായനാര്‍, മിദ്ലാജ് മുഹമ്മദ്.കിഷോര്‍ ബാബു, ടിറ്റോ ഫ്രാന്‍സിസ്, ഗണേഷ് മലയത്ത്, ടി.കെ.ശ്യാം നാരായണന്, പി.എസ്. കിഷോര്‍ബാബു എന്നിവരും മറവിയുടെ അഗാധതയിലേക്ക് ആണ്ടുപൊയ്ക്കണ്ടിരിക്കുന്ന ഒരു സംഭവത്തെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആവിഷ്കരിക്കാന്‍ കൂടെ നിന്നു.
യൂ ട്യൂബിലോ ഒടിടിയിലോ റിക്കാര്‍ഡ് ഡാന്‍സ് അപ് ലോഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടി റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും ഡോക്യുമെന്ററി എവിടെയങ്കിലും പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തന്നെ 98467 01863 എന്ന നമ്പറില്‍ വിളിക്കാമെന്ന് ഷിഹാബ് പറയുന്നു. ഇതെല്ലാവരും കാണണം, ഈ കലാരൂപത്തെക്കുറിച്ച് അറിയണം - എന്നന്നേക്കുമായി അഴിഞ്ഞുവീഴാന്‍ പോകുന്ന കൂടാരങ്ങളിലെ കലാജീവിതത്തെക്കുറിച്ച്.